മതിലകം: തീരദേശ മണ്ണിൽ തണ്ണിമത്തൻ കൃഷിയിൽ വിജയഗാഥ തീർത്ത് യുവ കൂട്ടായ്മ. മതിലകം പുതിയകാവിലാണ് മണ്ണിലിറങ്ങിയ മൂവർസംഘം തണ്ണിമത്തൻ കൃഷിയിൽ നൂറുമേനി കൊയ്തത്. വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന മതിലകം സ്വദേശികളായ മുഹമ്മദ് നബ്ജാൻ, മാസിൻ പി. സുനിൽ, തമീസ് സഹൽ എന്നിവരാണ് ആദ്യമായി നടത്തിയ തണ്ണിമത്തൻ കൃഷിയിൽ മികച്ച വിളവുനേടിയത്.
രണ്ടുമാസം മുമ്പാണ് ഇവർ കൃഷിയിലേക്കിറങ്ങിയത്. നബ്ജാന്റെ വീടിനോടു ചേർന്ന് ബന്ധുവിന്റെ ഒരേക്കറോളം വരുന്ന സ്ഥലത്താണ് കൃഷിയിറക്കിയത്. കാടുപിടിച്ച് കിടന്നിരുന്ന സ്ഥലം വെട്ടിവൃത്തിയാക്കിയാണ് കൃഷിയാരംഭിച്ചത്. 2000 തൈകളാണ് നട്ടുപിടിച്ചത്. വളമായി ഗോമൂത്രവും ജൈവ സ്ലറിയുമാണ് നൽകിയത്. മതിലകം കൃഷിഭവന്റെ മേൽനോട്ടത്തിലായിരുന്നു കൃഷി.
60 ദിവസം പിന്നിട്ടപ്പോൾ മികച്ച വിളവാണ് ലഭിച്ചത്. കിരൺ, യെല്ലോ മഞ്ച്, ഓറഞ്ച് മഞ്ച് എന്നീ മൂന്ന് വെറൈറ്റി തണ്ണിമത്തനാണ് സ്ഥലത്ത് വിളഞ്ഞ് നിൽക്കുന്നത്. കൃഷി തുടരാനാണ് മൂവരുടെയും തീരുമാനം.
കഴിഞ്ഞദിവസം നടന്ന ചടങ്ങിൽ മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമതി സുന്ദരൻ വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.പി. പ്രസീത, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന റഷീദ്, പഞ്ചായത്തംഗങ്ങളായ ആർ.എം. ജലീൽ, ജോസ് മഞ്ഞളി, കൃഷി ഓഫീസർ ഡോ. പി.സി. സജന, അസിസ്റ്റന്റ്് കൃഷി ഓഫീസർ എൻ.വി. നന്ദകുമാർ തുടങ്ങിയവർ പങ്കെടുത്തു.